എന്തെല്ലാം അതിക്രമങ്ങളാണ് അന്നവിടെ കാട്ടിക്കൂട്ടിയത്? നിങ്ങൾ മറന്നാലും പൊതുജനത്തിനത് മറക്കാനാവില്ല. നിങ്ങൾക്കു പിന്തുണ നൽകാൻ മന്ത്രിമാരടക്കം ഓടിയെത്തി. നിങ്ങൾ പ്രതിസ്ഥാനത്തല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിക്കാൻപോലും രംഗത്തെത്തിയില്ല. ലജ്ജയില്ലേ നിങ്ങൾക്ക്?
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിങ്ങളെ വിളിക്കുന്ന "ക്രിമിനൽ' എന്ന വിശേഷണം അന്വർഥമാണെന്ന് എസ്എഫ്ഐ വീണ്ടും തെളിയിച്ചിരിക്കുന്നു. രാഷ്ട്രീയ കേരളത്തിന് എസ്എഫ്ഐ കളങ്കമായിക്കഴിഞ്ഞു.
നിങ്ങളെ സംരക്ഷിക്കുന്ന ഭരണ-രാഷ്ട്രീയ നേതൃത്വം കേരളത്തിലെ യുവജനതയോടാണ് മാപ്പർഹിക്കാത്ത അപരാധം ചെയ്യുന്നത്. എസ്എഫ്ഐ കാട്ടിക്കൂട്ടുന്ന എല്ലാ വൃത്തികേടുകൾക്കും പിന്തുണ നൽകുന്ന പാർട്ടി നേതൃത്വം കേരള രാഷ്ട്രീയത്തെ ദുഷിപ്പിക്കുന്നുവെന്ന് പറയാതെവയ്യ. ലജ്ജയില്ലേ നിങ്ങൾക്കും?
എസ്എഫ്ഐക്കു കുടപിടിച്ച് സുഖകരമായി ജോലിചെയ്യുന്ന അധ്യാപകരുടെ പരിതാപകരമായ അവസ്ഥയിലും കേരളം ലജ്ജിക്കണം. അന്തസുണ്ടെങ്കിൽ പൂക്കോട് വെറ്ററിനറി കോളജ് കാമ്പസിലെ അധ്യാപകർ സത്യം തുറന്നുപറയാൻ തയാറാകണം.
നിങ്ങൾ പഠിപ്പിച്ചു വിടുന്നവർ ചികിത്സിക്കുന്ന ജീവികളോടുപോലും സഹതപിക്കേണ്ടിവരുന്ന അവസ്ഥയായിരിക്കുന്നു. അധ്യാപകസമൂഹത്തിനാകമാനം മാനക്കേടുണ്ടാക്കിയ നിങ്ങളും ലജ്ജിക്കണം.