മുന്‍കൂര്‍ നോട്ടീസ് നല്കാതെയുള്ള അറസ്റ്റ് ജാമ്യം അനുവദിക്കാന്‍ കാരണമാകുമെന്ന് ഹൈക്കോടതി
Friday, April 19, 2024 1:10 AM IST
കൊച്ചി: അറസ്റ്റ് അനിവാര്യമല്ലാത്ത കേസുകളില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യുന്നത് ജാമ്യം അനുവദിക്കാന്‍ കാരണമാകുമെന്ന് ഹൈക്കോടതി.
പ്രതിയെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധ്യമായ സാഹചര്യങ്ങള്‍ സംബന്ധിച്ച് ക്രിമിനല്‍ നടപടിച്ചട്ടം 41(1) ല്‍ വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ ബാധകമല്ലാത്ത കേസുകളില്‍ സിആര്‍പിസി 41 എ പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്കി വേണം അറസ്റ്റ് ചെയ്യാന്‍. അല്ലാത്തപക്ഷം പ്രതിക്കു ജാമ്യം അനുവദിക്കാനാകുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നഴ്സിംഗ് പഠനത്തിന് പ്രവേശനം വാഗ്ദാനം ചെയ്തു ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ എംഡി ജോസഫ് ഡാനിയല്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പ്രവേശനം വാഗ്ദാനം ചെയ്തു പണം കൈപ്പറ്റിയശേഷം ്രവേശനം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പലയിടങ്ങളിലായി നല്കിയ പരാതിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ കേസുകളിലും മുന്‍കൂര്‍ നോട്ടീസ് നല്കാന് നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
വഞ്ചനാക്കുറ്റം അടക്കം ആരോപിച്ചാണു പരാതി നല്കിയിട്ടുള്ളതെന്നതിനാല് ഹര്‍ജിയിലെ ആവശ്യപ്രകാരം പൊതു ഉത്തരവ് സാധ്യമല്ല. എന്നാല്‍ അറസ്റ്റ് അനിവാര്യമല്ലാത്ത കേസുകളില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് കോടതി വ്യക്തമാക്കി.