മണിമലയാറ്റിൽ യുവാവിനെ കാണാതായി
Friday, May 17, 2024 2:06 AM IST
ചെറുവള്ളി: മൂലേപ്ലാവിന് സമീപം സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവിനെ മണിമലയാറ്റിൽ കാണാതായി. കോത്തലപ്പടി മലമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു (കിച്ചു-25)വിനെയാണ് കാണാതായത്.
ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു ബിജി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. മൂന്നംഗ സംഘം രാവിലെ പത്തോടെയാണ് പ്രദേശത്ത് എത്തിയത്. മീൻ പിടിച്ച ശേഷം തിരികെ പോകുന്നതിന് മുന്പ് ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.
ആറിന്റെ ഇരുകരകളിലേക്കും നീന്തുന്നതിനിടെ കയത്തിൽ ബിജി മുങ്ങിത്താഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ഇവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് മുങ്ങിപ്പോയി.
ഇവരുടെ ബഹളം കേട്ട് സമീപവാസികൾ എത്തി ആറ്റിൽ ഇറങ്ങി പരിശോധന നടത്തി. പിന്നീട് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽനിന്നു ടീം എമർജൻസി കേരളയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
വൈകുന്നേരം പെയ്ത മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. രാത്രി വൈകി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ തെരച്ചിൽ ആരംഭിക്കും.