നഴ്സിംഗ് പ്രവേശനം കഴിഞ്ഞ വർഷത്തെപ്പോലെ തുടരാൻ തീരുമാനം
Wednesday, May 29, 2024 1:59 AM IST
തിരുവനന്തപുരം: നഴ്സിംഗ് പ്രവേശനം കഴിഞ്ഞ വർഷത്തെപ്പോലെ തുടരാൻ തീരുമാനം. നഴ്സിംഗ് കോളജ് മാനേജ്മെന്റ് മുന്നോട്ടുവച്ച ആവശ്യങ്ങളിൽ സർക്കാരിൽ നിന്ന് അനുകൂല തീരുമാനത്തിന് ഉറപ്പു ലഭിച്ചതോടെയാണ് പ്രവേശനം സംബന്ധിച്ച് സർക്കാരുമായി ധാരണയിലാകാൻ ഇന്നലെ ചേർന്ന പ്രൈവറ്റ് നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ യോഗം തീരുമാനിച്ചത്.
ജിഎസ്ടി വിഷയത്തിലും അഫിലിയേഷൻ കാര്യത്തിലും മാനേജ്മെന്റ് മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്നു സർക്കാർ ഉറപ്പു നല്കിയിട്ടുണ്ട്.
അഫിലിയേഷൻ കാര്യം ചർച്ച ചെയ്യാനായി ഇന്ന് ആരോഗ്യസർവകലാശാല ഗവേണിംഗ് ബോഡി യോഗവും ഉണ്ട്. ഈ യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യും. കഴിഞ്ഞയാഴ്ച ആരോഗ്യമന്ത്രിയുമായി മാനേജ്മെന്റ് അസോസിയേഷനുകൾ ചർച്ച നടത്തി ഏകദേശ ധാരണയിലെത്തിയിരുന്നു.