എന്‍ജിഒ യൂണിയന് സമ്മേളനം 22 മുതല്‍ കോഴിക്കോട്ട്
Thursday, June 20, 2024 1:34 AM IST
കോഴിക്കോട്: കേരള എന്‍ജിഒ യൂണിയന് സംസ്ഥാനസമ്മേളനം 22 മുതല്‍ 24 വരെ കോഴിക്കോട്ട് നടക്കും. 22നു വൈകുന്നേരം നാലരയ്ക്കു കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്നു വൈകുന്നേരം മൂന്നരയ്ക്കു പ്രകടനം ആരംഭിക്കും. പൊതുസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം , മന്ത്രിമാരായ എ.കെ.ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, പി.എ. മുഹമ്മദ് റിയാസ്, കെ.പി. മോഹനന് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.
പ്രതിനിധി സമ്മേളനം കാലിക്കട്ട് ട്രേഡ് സെന്ററില്‍ 23ന് രാവിലെ 8.45ന് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ത ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന് അധ്യക്ഷത വഹിക്കും. 23ന് ഉച്ചയ്ക്ക് 2.30ന് ‘ഫെഡറലിസം തകര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍, പ്രതിരോധം തീര്‍ത്ത് കേരളം’ എന്ന വിഷയത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഭാഷണം നടത്തും.