സിയാൽ, ടിയാൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പാസിംഗ് ഔട്ട് പരേഡ്
Thursday, June 20, 2024 1:35 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) ഏവിയേഷൻ അക്കാദമിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ (സിഐഎഎസ്എൽ) വിമാനത്താവള അഗ്നിരക്ഷാ-സുരക്ഷാ ട്രെയിനികൾക്കുള്ള അടിസ്ഥാന പരിശീലന കോഴ്സ് രണ്ടാം ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടത്തി. നാലു മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 55 ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡാണു നടന്നത്.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. സത്യപ്രതിജ്ഞ, മാർച്ച് പാസ്റ്റ്, അഭ്യാസപ്രകടനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ എആർഎഫ്എഫിലെ ആറ് ജൂണിയർ മാനേജർ ട്രെയിനിമാർക്കൊപ്പം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 49 ട്രെയിനികളും പരിശീലനം നേടി.
2024 ഫെബ്രുവരി 19ന് ആരംഭിച്ച പരിശീലനം ജൂൺ 18ന് സമാപിച്ചു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) മാനദണ്ഡങ്ങളനുസരിച്ചാണ് സിലബസ് ആസൂത്രണം ചെയ്തത്.
സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് പൂവ്വട്ടിൽ, സിയാൽ എആർഎഫ്എഫ് ഹെഡ് സോജൻ കോശി, കോസ്റ്റ് ഗാർഡ് കമാൻഡിംഗ് ഓഫീസർ വരുൺ ഉപാധ്യായ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭക്ത്കോടി, മറ്റ് ഓഫീസർമാർ, സിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.