രാധാകൃഷ്ണന്റെ രാജി: മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റിലേക്ക് ധനമന്ത്രി ബാലഗോപാൽ
Thursday, June 20, 2024 1:35 AM IST
തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന്റെ രാജിക്കു പിന്നാലെ നിയമസഭയിലെ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റിലേക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ എത്തി.
ഭരണപക്ഷ ബെഞ്ചിലെ രണ്ടാമത്തെ സീറ്റിലേക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേര് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സെക്രട്ടേറിയറ്റ് അനുവദിച്ചത്.
സിപിഎം കേന്ദ്രകമ്മിറ്റിയിലെ മുതിർന്ന അംഗമെന്ന നിലയിലാണ് കെ.എൻ. ബാലഗോപാലിന്റെ പേര് നിർദേശിച്ചത്. നിയമമന്ത്രി പി. രാജീവും പാർട്ടി കേന്ദ്രകമ്മിറ്റി അംഗമാണെങ്കിലും മുതിർന്ന അംഗം ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തദ്ദേശ മന്ത്രി കൂടിയിയിരുന്ന എം.വി. ഗോവിന്ദനായിരുന്നു രണ്ടാമത്തെ സീറ്റ്.
പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ കെ. രാധാകൃഷ്ണൻ രണ്ടാം സീറ്റിലെത്തി. തുടർന്ന് കഴിഞ്ഞ ദിവസം രാധാകൃഷ്ണൻ രാജിവച്ചതോടെ കെ.എൻ. ബാലഗോപാൽ ഇതേ സീറ്റിലെത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ.കെ. ബാലനായിരുന്നു രണ്ടാമൻ.
ഭരണപക്ഷ ബെഞ്ചിലെ മൂന്നാമത്തെ സീറ്റാണ് എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ റവന്യു മന്ത്രി കെ. രാജന്റേത്. പാർലമെന്ററി പാർട്ടി നേതാക്കൾ നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾക്ക് സീറ്റ് അനുവദിക്കുന്നത്.