പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ
Thursday, June 20, 2024 1:35 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിനു ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവവും തെരഞ്ഞെടുപ്പു സമയത്ത് പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണം.
പാർട്ടി ഗ്രാമത്തിലാണു രണ്ടു സംഭവങ്ങളും നടന്നത്. മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണു സ്ഫോടനമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുന്ന കോളജ് വിദ്യാർഥികളുടെ പോക്കറ്റടിക്കുന്ന പോലെയുള്ള കാര്യങ്ങളും ഇവിടെ നടന്നു.
സിപിഎം നേതാക്കൾക്ക് ഇതെല്ലാം അറിയാവുന്നതാണ്. പരാജയം മറികടക്കാൻ പഴയത് പോലെ സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണോ എന്ന സംശയം ബിജെപിക്കുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.