ബോംബാണ് ചർച്ചാവിഷയം; ട്രാൻസ്പോർട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നതല്ല; സച്ചിൻദേവിന് മറുപടിയുമായി വി.ഡി. സതീശൻ
Thursday, June 20, 2024 1:35 AM IST
തിരുവനന്തപുരം: ബോംബ് പൊട്ടിത്തെറിച്ചു തലശേരിയിൽ വൃദ്ധൻ കൊല്ലപ്പെട്ട സംഭവത്തിലെ അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യുന്നതിനിടെ ബഹളമുണ്ടാക്കിയ സിപിഎമ്മിലെ കെ.എം. സച്ചിൻദേവിനെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിയമസഭയിൽ നടക്കുന്നത് ട്രാൻസ്പോർട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ലെന്നും സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ച സംഭവമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
പരിഷ്കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ പരമാർശമാണ് സച്ചിൻദേവിനെ ചൊടിപ്പിച്ചത്. സച്ചിൻദേവിന്റെ നേതൃത്വത്തിൽ ഏതാനും സിപിഎം അംഗങ്ങൾ ബഹളമുണ്ടാക്കിയിരുന്നു.
ഇതോടെയാണ് സച്ചിൻദേവിന്റെയും ഭാര്യയും തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന്റെയും നേതൃത്വത്തിൽ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിന്റെ കാര്യം വി.ഡി. സതീശൻ സഭയെ ഓർമിപ്പിച്ചത്.