ഡോ. ബെന്നി കക്കാട് ചുമതലയേറ്റു
Friday, June 21, 2024 3:20 AM IST
വാഴക്കുളം: വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനി ചെയർമാനായി ഡോ. ബെന്നി കക്കാട് ചുമതലയേറ്റു. ഇന്നലെ ഉച്ചയോടെ കന്പനിയിലെത്തിയ ഇദ്ദേഹത്തിന് മാനേജിംഗ് ഡയറക്ടർ സി.എഫ്. റോബർട്ട്, പ്രൊഡക്ഷൻ മാനേജർ ബസു വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
തുടർന്ന് കന്പനിയുടെ പ്രൊഡക്ഷൻ വിഭാഗം ഉൾപ്പെടെ സന്ദർശിച്ച അദ്ദേഹം തൊഴിലാളികളുമായി ആശയവിനിമയം നടത്തി. ദൈനംദിന പ്രവർത്തനങ്ങൾപോലും അവതാളത്തിലായ കന്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കുടിശികയായ രണ്ടുമാസത്തെ ശന്പളം നൽകാൻ മുൻകൈയെടുക്കുമെന്നും ഡോ. ബെന്നി ഉറപ്പുനൽകി.
മുൻ എംഎൽഎ ജോണി നെല്ലൂരും ഇദ്ദേഹത്തോടൊപ്പം കന്പനിയിലെത്തിയിരുന്നു. കേരള കോണ്ഗ്രസ് -എം പ്രതിനിധിയായ ജോസ് ടോം പുലിക്കുന്നേൽ രാജിവച്ച ഒഴിവിലേക്കാണ് ചെയർമാനായി കേരള കോണ്ഗ്രസിൽനിന്നുതന്നെ ഡോ. ബെന്നി കക്കാട് എത്തുന്നത്.
കൊല്ലം സ്വദേശിയായ ഇദ്ദേഹം നേരത്തേ കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.