ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു
Friday, June 21, 2024 3:20 AM IST
അടിമാലി : ആനസവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർഗോഡ് ജില്ലയിലെ കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ പുലിയന്നൂര്‍ കുഞ്ഞിപ്പാറയിലെ മേലേക്കണ്ടി വീട്ടില്‍ എം.ബാലകൃഷ്ണന് (62) ആണു മരിച്ചത്.
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കല്ലാർ അറുപതാംമൈലിനു സമീപം പ്രവർത്തിക്കുന്ന കേരളാ ഫാമിന്റെ സ്വകാര്യ ആനസവാരി കേന്ദ്രത്തിൽ ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സംഭവം.
“ലക്ഷ്മി’’ എന്ന പിടിയാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: യശോദ. മക്കള്‍: ശ്രീജ (ബാനം), റീജ (പരപ്പച്ചാല്‍). മരുമക്കള്‍: ഗോപി, ശെല്‍വരാജ്. ആനക്കാരന് ശങ്കരന്റെയും എളേരി പാറുവിന്റെയും മകനാണ്.