ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് ദന്പതികൾക്കും മകൾക്കും ദാരുണാന്ത്യം
Friday, June 21, 2024 3:20 AM IST
മഞ്ചേരി: കെഎസ്ആര്‍ടിസി ബസിടിച്ച് ഓട്ടോ യാത്രികരായ ദന്പതികളും മകളും മരിച്ചു. പുല്‍പ്പറ്റ ഒളമതില്‍ അക്കരമ്മല്‍ വീട്ടില്‍ പരേതനായ മണ്ണിങ്ങച്ചാലില്‍ ഗുലാംമൊയ്തീന് ഹാജി-ഫാത്തിമക്കുട്ടി ദമ്പതികളുടെ മകന് മുഹമ്മദ് അഷ്റഫ് (45), അഷ്റഫിന്റെ ഭാര്യ സാജിദ (37), മകള്‍ ഫിദ (15) എന്നിവരാണു മരിച്ചത്.
ഫിദയെ മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ ചേര്‍ക്കുന്നതിനായി പോകുകയായിരുന്നു മൂവരും. മലപ്പുറം-കോഴിക്കാട് പാതയില്‍ മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടം.
മുഹമ്മദ് അഷ്റഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരേവന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഫിദയെ നാട്ടുകാര്‍ ഉടന്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുമ്മിണിപ്പറമ്പ് കുട്ടിഹസന്-ആയിശ ദമ്പതികളുടെ മകളാണ് സാജിദ.
ഏറെക്കാലം പ്രവാസജീവിതം നയിച്ച മുഹമ്മദ് അഷ്റഫ് നാലു വര്‍ഷമായി വയറിംഗ് ജോലികള്‍ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. ഫഹ്മിദ, ഫൈഹ, അഷ്ഫഖ് എന്നിവരാണ് മരിച്ച ദമ്പതിമാരുടെ മറ്റുമക്കള്‍.
മലപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പുല്‍പ്പറ്റ ജുമാമസ്ജിദില്‍ കബറടക്കും.