നെല്ല് സംഭരണം: കർഷകർക്ക് നല്‍കാനുള്ളത് 441.29 കോടി
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച വകയിൽ 441.29 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് മന്ത്രി ജി.ആർ അനിൽ. രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
5.5 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചതിനുള്ള 1578.6 കോടിയിൽ 1137.31 കോടി രൂപ ഇതിനോടകം നല്കി. ആലപ്പുഴ ജില്ലയിൽ മാത്രം ഇനി 130.8 കോടി നൽകാനുണ്ട്. അത് ഉടൻ നൽകും. ഒരു കിലോ നെല്ല് 28.32രൂപയ്ക്കാണ് സംഭരിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കാണിത്. നെല്ലിന്റെ ഗുണനിലവാര പരിശോധന ശാസ്ത്രീയമാക്കുമെന്നും ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.