നൂറുമേനി ഗ്രാൻഡ് ഫിനാലെ ജൂലൈ 27ന്
Sunday, June 23, 2024 1:15 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെയും മാക് ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ നൂറുമേനി സീസണ് 2 ബൈബിള്‍ വചനമെഴുത്ത് മത്സരത്തില്‍ അതിരൂപതയിലെ 250 ഇടവകകളില്‍നിന്ന് ഏഴ് കാറ്റഗറിയിലായി 40,000പേര് പങ്കെടുത്തതായി നൂറുമേനി ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തിലും ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കലും അറിയിച്ചു.
അതിരൂപതയിലെ 18 ഫൊറോനകളെ അഞ്ചു റീജണുകളായി തിരിച്ചുനടത്തിയ ഫൊറോന മത്സരത്തില്‍ ഗ്രാൻഡ് ഫിനാലെ മത്സരത്തിലേക്ക് അഞ്ച് കുടുംബങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടനാട് റീജണിൽനിന്ന് മോന്‍സി ആന്റണി കണ്ടത്തില്‍ ആന്‍ഡ് ഫാമിലി (മാര്‍ സ്ലീവ ഫൊറോന ചര്‍ച്ച്, പഴവങ്ങാടി), ചങ്ങനാശേരി റീജണിലെ ടി.ടി.ജോണ്‍ കുംഭംവേലി ആന്‍ഡ് ഫാമിലി (സെന്റ് മേരീസ് ചര്‍ച്ച്, പാറേല്‍), തെക്കന്‍ റീജണിലെ കെ.കെ. തോമസ് കുരിശുംമൂട്ടില്‍ ആന്‍ഡ് ഫാമിലി (സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് പോങ്ങുംമൂട്), കോട്ടയം റീജണിലെ ഡോ. സിജു തോമസ് ജോണ്‍, ഷാരോണ്‍ കുറ്റിക്കാട് (സെന്റ് മേരീസ് കുടമാളൂര്‍), നെടുംകുന്നം റീജണിലെ എ.ടി. ജോബ് ആറുപറ ആന്‍ഡ് ഫാമിലി (സെന്റ് ആന്റണീസ് ചര്‍ച്ച്, കുറുമ്പനാടം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജൂലൈ 26ന് രാവിലെ 11ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ ഗ്രാൻഡ് ഫിനാലെ മത്സരം നടത്തും. 27ന് രാവിലെ ഒമ്പതിന് ഗ്രാൻഡ് ഫിനാലെ മെഗാ സമ്മേളനം. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇടവകതലംമുതല് അതിരൂപതാതലംവരെ നടന്ന മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ മൂവായിരത്തിയഞ്ഞൂറോളം പേരെ അന്നേദിവസം സമ്മാനങ്ങള്‍ നല്കി ആദരിക്കും. ഗ്രാൻഡ് ഫിനാലെ മത്സരങ്ങള്‍ മാക് ടിവിയില്‍ സംപ്രേക്ഷണം ചെയ്യും.