ടി.പി. കേസിലെ മൂന്നു പ്രതികളെ വിട്ടയയ്ക്കാൻ നീക്കം
Sunday, June 23, 2024 2:02 AM IST
കണ്ണൂർ: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മൂന്നു പ്രതികളെ ശിക്ഷാ ഇളവു നല്കി വിട്ടയയ്ക്കാന് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെയാണ് വിട്ടയയ്ക്കാൻ നീക്കം നടത്തുന്നത്. ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷിച്ചവരാണ് ഇവർ.
ജയില്‍ മോചിതരാക്കുന്നതിന്റെ മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ കത്ത് പുറത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണ് ജയിൽ സൂപ്രണ്ടിന്റെ നടപടി.
ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് കരുതേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ജയില്‍ മോചിതരാക്കേണ്ട പ്രതികളുടെ പട്ടിക സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി തയാറാക്കിയത്. ഇത്തരത്തിൽ 59 പ്രതികളുടെ പട്ടികയാണ് തയാറാക്കിയത്. ഇതിലാണ് ടിപി കേസിലെ മൂന്നുപ്രതികളുടെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പേര് ഉള്‍പ്പെടുത്തിയതെന്ന് സൂചനയുണ്ട്. പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഇവരെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാകും.
അതില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ പ്രതികള്‍ക്കു പുറത്തിറങ്ങാം. ഈ മാസം പതിമൂന്നിനാണ് സെൻട്രല്‍ ജയില്‍ സൂപ്രണ്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണര്‍ക്കു കത്തു നല്‍കിയത്.