പീഡനക്കേസുകൾ ഒതുക്കാൻ സിപിഎം ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
Sunday, July 14, 2024 2:10 AM IST
ആലുവ: പിണറായി വിജയന് സര്‍ക്കാരിനെതിരേ മുഴുവന്‍ സ്ത്രീജനങ്ങളെയും അണിനിരത്താനുള്ള ഉത്തരവാദിത്വം മഹിളാ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎല്‍എ.
സ്ത്രീപീഡകരായ സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസിന്റെ മഹിള ‘സാഹസ്’ ക്യാമ്പ് എക്സിക്യൂട്ടീവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഇന്നു സമാപിക്കും.