പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേഡും
Sunday, July 14, 2024 2:10 AM IST
പാലാ: പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേഡും ലഭിച്ചു. ഇന്നലെ നടന്ന മെറിറ്റ് ദിനാഘോഷത്തില്‍ കോളജ് രക്ഷാധികാരി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഓട്ടോണോമസ് പദവി ലഭിച്ച കാര്യം അറിയിച്ചത്. നാക് അക്രഡിറ്റേഷനില്‍ ആദ്യതവണതന്നെ എ ഗ്രേഡ് ലഭിച്ച വിവരവും ബിഷപ് പ്രഖ്യാപിച്ചു.
അക്കാദമിക് മികവ്, ഉയര്‍ന്ന പ്ലേസ്മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, മതിയായ യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം തുടങ്ങിയ യോഗ്യതകള്‍ കൈവരിച്ചതുകൊണ്ടാണ് യുജിസി ഓട്ടോണമസ് കോളജിനു നല്‍കിയത്. 22 വര്‍ഷത്തെ അക്കാദമിക് മികവിനുള്ള നേര്‍സാക്ഷ്യം കൂടിയായി കോളജിന് ലഭിച്ച ഇരട്ടനേട്ടം. മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പ്രശ്നങ്ങളില്‍നിന്ന് ഓടിയകലാതെ അവയെ നിര്‍ഭയം നേരിട്ട് രാഷ്ട്രനിർമാണത്തിനു സജ്ജരാകണമെന്നും മാര്‍ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു.
പാലാ രൂപതയുടെ കീഴിൽ 2002ല്‍ ആരംഭിച്ച സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജില്‍ ബിടെക് വിഭാഗത്തില്‍ ഒന്‍പതും എംടെക് വിഭാഗത്തില്‍ നാലും പ്രോഗ്രാമുകളാണുള്ളത്. ബിടെക്കില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ്, സിവില്‍ എൻജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്), കംപ്യൂട്ടര്‍ സയന്‍സ്( സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ , ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍, മെക്കാനിക്കല്‍ എൻജിനിയറിംഗ് എന്നിവയാണുള്ളത്. എംടെക്കില്‍ അഡ്വാന്‍സ്ഡ് മാനുഫാക്ച്ചറിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ മാനേജ്മെന്റ്, കംപ്യൂട്ടര്‍ സയന്‍സ്, സ്ട്രക്ചറല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, വിഎല്‍എസ്ഐ ആന്‍ഡ് എംബെഡഡ് സിസ്റ്റം എന്നിവയുമുണ്ട്.

വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ ബിടെക്കും കംപ്യൂട്ടര്‍ സയന്‍സ്, സ്ട്രക്ചറല്‍ എൻജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, വിഎല്‍എസ്ഐ ആന്‍ഡ് എംബെഡഡ് സിസ്റ്റം എന്നിവയില്‍ എംടെക്കും നല്കുന്നു.
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ എംബിഎ, രണ്ടു വര്‍ഷ എംസിഎ, അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംസിഎ എന്നിവയും ഉള്‍പ്പെടുന്നു. സിവില്‍ എൻജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് എൻജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എൻജിനിയറിംഗ്, മെക്കാനിക്കല്‍ എൻജിനിയറിംഗ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പിഎച്ച്ഡിയും സെന്റ് ജോസഫ് നല്കുന്നു.
കോളജിലെ ആറു പ്രോഗ്രാമുകള്‍ക്ക് എഐസിടിയില്നിന്ന് എന്‍ബിഎ അക്രഡിറ്റേഷന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം 826 പ്ലേസ്മെന്റ് ഓഫറുകള്‍ സെന്റ് ജോസഫിലെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേടാനായി എന്നതും മികവിന്റെ മികച്ച ഉദാഹരണമാണ് .
മെറിറ്റ് ഡേയില്‍ കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ചെയര്മാന് മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.