സുരക്ഷിത സ്ഥാനത്തേക്കു മാറാൻ ആശുപത്രി അധികൃതർ നിർദേശിച്ചതനുസരിച്ച് വീട്ടിലുള്ള പ്രായമായ മാതാപിതാക്കളെയും മകനെയും ഭർത്താവ് ജോജോ സമീപത്തെ തോട്ടത്തിലേക്കു മാറ്റി. ഒപ്പം അയൽക്കാരായ നിരവധിപ്പേരും സുരക്ഷിത സ്ഥാനത്തേക്കു മാറി. എന്നാൽ തിരികെയെത്തിയ ജോജോയ്ക്ക് കാണാനായത് സുരക്ഷിതമെന്ന് കരുതിയ വീടിന്റെ ഒരുഭാഗം ഉരുൾ വെള്ളത്തിൽ ഒഴുകിപ്പോകുന്നതാണ്.
പ്രാണപ്രിയയെ സമീപത്തെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രവർത്തകർ ഹൃദയവേദനയോടെയാണ് തന്റെ പ്രിയതമയെ ദുരന്തഭൂമിയിൽ തെരയുന്ന ജോജോയെ കണ്ടത്. തുടർന്നുള്ള ഓരോ ദിവസവും ഓരോ ആംബുലൻസിലും തന്റെ പ്രിയതമയെ തെരയുകയായിരുന്നു ജോജോ.
ഏക മകൻ പാപ്പിയും അമ്മ വരുന്നതും കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ദുരന്തത്തിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ചയാണ് ചാലിയാറിൽനിന്ന് നീതുവിന്റെ ശരീരം കണ്ടെത്തിയത്. അന്നുതന്നെ ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നീതുവിന് അന്ത്യവിശ്രമം നൽകുകയും ചെയ്തു കുടുംബാംഗങ്ങളും സഹപ്രവർത്തകരും.