പി. ചിദംബരത്തെ പിന്തുണച്ച് രാഹുലും പ്രിയങ്കയും
Thursday, August 22, 2019 12:33 AM IST
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി. ചിദംബരത്തെ പിന്തുണച്ച് കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നതിനായി മോദി സർക്കാർ കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. വ്യക്തിഹത്യ നടത്തുന്നതിനായി ഇവർ നട്ടെല്ലില്ലാത്ത മാധ്യമങ്ങളെയും ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നേരത്തെ ചിദംബരത്തിന് പിന്തുണയുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു.സത്യം പറയുന്ന, സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടുന്ന ധീരനാണ് ചിദംബരം. സത്യം ഭീരുക്കളെ ഭയപ്പെടുത്തും. ഇതാണ് നാണംകെട്ട വേട്ടയാടലിനു കാരണം. തിരിച്ചടികൾ കണക്കാക്കാതെ ചിദംബരത്തെ പിന്തുണയ്ക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസം അർധരാത്രി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ സിബിഐക്ക് മുന്നിൽ ഹാജരാകാതിരുന്ന ചിദംബരം, അഭിഭാഷകൻ മുഖേന ഇന്നലെ രാവിലെ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്ഐപിബി) അനുമതി നൽകിയതുസംബന്ധിച്ചാണു കേസ്.
ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. രണ്ട ു കേസിലെയും മുൻകൂർ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്.