സിബി ജെ. മോനിപ്പള്ളിയുടെ സംസ്കാരം ഇന്ന്
Tuesday, January 21, 2020 12:14 AM IST
ന്യൂഡൽഹി: ഡൽഹിയിൽ അന്തരിച്ച കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നാഫെഡ് ഡയറക്ടറും റബർ ബോർഡ് മുൻ വൈസ് ചെയർമാനുമായ മോനിപ്പള്ളി പകലോമറ്റം കിഴക്കേക്കുറ്റ് കുടുംബാഗമായ അഡ്വ. സിബി ജെ. മോനിപ്പള്ളിയുടെ സംസ്കാരം ഇന്ന്.
ഡൽഹിയിൽ നിന്ന് ഇന്നലെ രാത്രി നെടുന്പാശേരി വിമാനത്താവളത്തിലെത്തിച്ചശേഷം മൃതദേഹം കാക്കാനാട്ടുള്ള മോനിപ്പള്ളി വീട്ടിലെത്തിച്ചു. ഇന്നു രാവിലെ പത്തിനു കാക്കനാട്ടു നിന്നു തിരിച്ച് ഉച്ചയ്ക്ക് 12 മണിയോടെ മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളി പാരീഷ് ഹാളിലെത്തിച്ച് പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 2.30ന് ചീങ്കല്ലേൽ പള്ളിയിൽ.
ഇന്നലെ ഉച്ചയോടെ ഡൽഹിയിലെ എയിംസിൽ എത്തിച്ച മൃതദേഹത്തിൽ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ.കെ. ആന്റണി, പി.സി. ചാക്കോ, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എംപി, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും ഇന്നലെ അനുശോചിച്ചു.