ലോക്ക് ഡൗണിൽ ഓൺലൈൻ പഠനം നടത്താൻ നിർദേശം
Wednesday, April 1, 2020 12:11 AM IST
ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലം അക്കാദമിക പ്രവർത്തനങ്ങളും പഠനവും മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് അവരുടെ പഠനത്തുടർച്ച നഷ്ടപ്പെടാതിരിക്കാൻ അധുനിക സങ്കേതങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് കൗൺസിൽ നിർദേശിച്ചു.
കൗൺസിലുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകളും ഓൺലൈൻ/വർച്വൽ അധ്യാപനവും പഠനവും നടപ്പാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ആൻഡ് സെക്രട്ടറി ജെറി അറാത്തൂൺ ആണ് പ്രിൻസിപ്പൽമാർക്കുള്ള കത്തിലൂടെ നിർദേശിച്ചത്. വിവിധ വിഷയങ്ങൾ പഠിക്കുന്നതിന് സൗജന്യമായി ലഭ്യമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചും ഓൺലൈൻ പഠനക്കുറിപ്പുകൾ സംഘടിപ്പിച്ചും ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് സഹായകമായ സൂം പോലെയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചും അധ്യാപനം നടപ്പാക്കാമെന്ന് നിർദേശത്തിലുണ്ട്.