കൊറോണയ്ക്കെതിരേ ദീപം തെളിക്കണമെന്നു മോദി
Saturday, April 4, 2020 12:44 AM IST
ന്യൂഡൽഹി: കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ ഏപ്രിൽ അഞ്ച് രാത്രി ഒൻപതിനു വീട്ടിലെ വിളക്കുകളണച്ച് ദീപങ്ങൾ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒൻപത് മിനിറ്റു നേരം വീടിന്റെ വാതിൽക്കലോ ബാൽക്കണികളിലോ നിന്ന് വിളക്കുകൾ തെളിക്കുകയോ ടോർച്ച്, മൊബൈൽ ഫോണ് എന്നിവയുടെ ലൈറ്റുകൾ തെളിക്കുകയോ വേണം. ലോക്ക് ഡൗണിനോട് എല്ലാവരും സഹകരിച്ചെന്നും ഇതു രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പൊതുജനങ്ങളോടു സംവദിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പുറത്തിറക്കിയ ചെറുവീഡിയോയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. കൊറോണ എന്ന അന്ധകാരത്തിൽനിന്നു പ്രകാശത്തിലേക്കു നയിക്കാൻ നമുക്കൊരുമിച്ച് ഈ സമയം നീക്കിവയ്ക്കാം. എന്നാൽ, ഇതിനായി ആരും റോഡുകളിൽ ഒത്തുകൂടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വൈറസിനെ തകർക്കാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ്.
ലോക്ക് ഡൗണിനോട് രാജ്യം നന്നായി സഹകരിച്ചു. അതിൽ രാജ്യത്തിന്റെ സാമൂഹികശക്തി പ്രകടമായിരുന്നു. ഇതിലൂടെ നമ്മൾ ലോകത്തിനു മാതൃകയായി. 130 കോടി ജനങ്ങളുടെ കൂട്ടായ ശക്തി എല്ലാവർക്കുമൊപ്പം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വൈറസിനെ ചെറുക്കാനുള്ള പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.