ബംഗളൂരു കലാപം: എസ്ഡിപിഐയുടെ പങ്ക് വ്യക്തമായെന്ന് കർണാടക ആഭ്യന്തരമന്ത്രി
Friday, August 14, 2020 12:14 AM IST
ബംഗളൂരു: ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റിനെത്തുടർന്നു ബംഗളൂരുവിൽ ചൊവ്വാഴ്ച രാത്രി അരങ്ങേറിയ കലാപത്തിൽ എസ്ഡിപിഐയുടെ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) പങ്ക് വ്യക്തമായതായി കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മ. കെജി ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങൾ സാധാരണ നിലയിലായെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.എസ്ഡിപിഐയെ കർണാടകയിൽ നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ പറഞ്ഞു.
കേസിൽ ആറ് എഫ്ഐആർ ആണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശ്യവുമായാണു കലാപകാരികൾ സ്റ്റേഷനുകൾ ആക്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.
പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് വിവാദപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടർന്ന് ജനക്കൂട്ടം എംഎൽഎയുടെ വസതി ആക്രമിക്കുകയായിരുന്നു.