കിഴക്കൻ ലഡാക്കിൽ കൂടുതൽ ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ
Monday, September 28, 2020 12:43 AM IST
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ കൂടുതൽ യുദ്ധടാങ്കുകൾ വിന്യസിച്ച് ഇന്ത്യ. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടി-72 ,ടി-90 ടാങ്കുകൾ, ബിഎംപി-2 ഇൻഫന്ററി വാഹനങ്ങൾ എന്നിവയാണു ചുമാർ-ഡെംചോക് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.
മൈനസ് 40 ഡിഗ്രിയിൽ പോലും പ്രവർത്തിക്കുന്നവയാണു ബിഎംപി-2 വാഹനങ്ങൾ. ദുർഘടമായ ഭൂപ്രദേശത്ത് ശക്തമായ സൈനികവിന്യാസം നടത്തിയെന്നു മേജർ ജനറൽ അരവിന്ദ് കപൂർ പറഞ്ഞു. ഈ മേഖലയിൽ ടാങ്കുകളും യുദ്ധോപകരണങ്ങളും വലിയ തോക്കുകളും സൂക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ പാങ്ങോംഗ് തടാകത്തിനു സമീപമാണു ചൈന കടന്നുകയറ്റശ്രമം നടത്തുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ആരംഭിച്ച അതിർത്തി സംഘർഷം അഞ്ചുമാസം പിന്നിട്ടിട്ടും തുടരുകയാണ്.