സൗജന്യ കോവിഡ് വാക്സിൻ: ചട്ടലംഘനമില്ലെന്നു കമ്മീഷൻ
Sunday, November 1, 2020 12:33 AM IST
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ വാഗ്ദാനത്തിൽ തെരഞ്ഞെടുപ്പ് ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. ആർടിഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ നൽകിയ പരാതിക്ക് മറുപടിയായാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകടന പത്രികയിലെ മരുന്നു വാഗ്ദാനം തെരഞ്ഞെടുപ്പു ചട്ടങ്ങളിലെ ഒരു വകുപ്പിന്റെയും ലംഘനമല്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം. തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണ് എന്നാരോപിച്ചാണ് ഗോഖലെ പരാതി നൽകിയത്. തെരഞ്ഞെടുപ്പു ചട്ടത്തിന്റെ മൂന്നാം ഭാഗത്ത് പ്രകടനപത്രിക സംബന്ധിച്ചു നിർദേശം വ്യക്തമായി നൽകിയിട്ടുണ്ട്. ഇതിലൊന്നിന്റെയും ലംഘനമല്ല മരുന്ന് വാഗ്ദാനം എന്നാണു വിശദീകരണം.