ട്രക്ക് പാഞ്ഞുകയറി 15 കുടിയേറ്റ തൊഴിലാളികൾ മരിച്ചു
Wednesday, January 20, 2021 12:53 AM IST
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വഴിവക്കിൽ കിടന്നുറങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെമേൽ ട്രക്ക് പാഞ്ഞുകയറി ഒരു വയസുള്ള കുഞ്ഞ് അടക്കം 15 മരണം. മരിച്ച 14 പേർ രാജസ്ഥാനിലെ ബൻസ്വാര സ്വദേശികളാണ്; ഒരാൾ മധ്യപ്രദേശ് സ്വദേശിയും. ട്രക്ക് ഡൈവർ, ക്ലീനർ, മൂന്നു തൊഴിലാളികൾ എന്നിവർക്കു പരിക്കേറ്റു.
സൂറത്തിന് 60 കിലോമീറ്റർ അകലെ കൊസാന്പ ഗ്രാമത്തിൽ തിങ്കളാഴ്ച അർധരാത്രി ആയിരുന്നു സംഭവം. മാണ്ഡവിയെയും കിമ്മിനെയും ബന്ധിപ്പിക്കുന്ന റോഡിനു സമീപത്തെ നടപ്പാതയിൽ കിടന്നുറങ്ങിവയരാണ് അപകടത്തിനിരയായത്. കരിന്പുകയറ്റി എതിരേ വന്ന ട്രാക്ടറുമായി ട്രക്ക് കൂട്ടിയിടിച്ചു.
ട്രക്കിന്റെ ചില്ലുകൾ തകർന്നപ്പോൾ ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ടു. കിടന്നുറങ്ങുന്നവരുടെമേൽ പാഞ്ഞുകയറി. 12 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ച എട്ടു പേർ വനിതകളാണ്.