ഈറോഡിൽ കോൺഗ്രസിനു പിന്തുണയെന്നു കമൽ ഹാസൻ
Thursday, January 26, 2023 12:44 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ്. ഇളങ്കോവനു കമൽ ഹാസൻ നയിക്കുന്ന മക്കൾ നീതി മയ്യം(എംഎൻഎം) പിന്തുണ പ്രഖ്യാപിച്ചു.
വർഗീയശക്തികൾക്കെതിരേ കൈകോർക്കേണ്ടതു ദേശീയ പ്രാധാന്യമുള്ളതാണെന്ന് കമൽ ഹാസൻ പറഞ്ഞു. നേരത്തേ ഇളങ്കോവൻ കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യമായാണ് എംഎൻഎം മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിക്കുന്നത്.
ഡിഎംകെ നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസ്(എസ്പിഎ) സ്ഥാനാർഥിയാണ് ഇളങ്കോവൻ. ഇദ്ദേഹത്തിന്റെ മകൻ തിരുമകൻ ഇവേരയുടെ നിര്യാണത്തെത്തുടർന്നാണ് ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.