രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
Monday, May 22, 2023 12:42 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-ാം ചരമ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ട്വിറ്ററിൽ രാജീവ് ഗാന്ധിയുടെ വീഡിയോ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ അനുസ്മരണം.
പപ്പാ, നിങ്ങൾ എന്നോടൊപ്പമുണ്ട്, പ്രചോദനമായി, ഓർമ്മകളിൽ, എപ്പോഴും! എന്നാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ. പ്രമുഖനടനായ അമിതാഭ് ബച്ചന്റെ പിതാവും കവിയുമായ ഹരിവംശ് റായ് ബച്ചന്റെ വരികൾ പങ്കുവച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ അനുസ്മരണം.
രാജീവ് ഗാന്ധിയുടെ ചരമ ദിനത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ അനുസ്മരണവും സംഘടിപ്പിച്ചിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ രാജീവ് ഗാന്ധിയുടെ സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പമെത്തിയാണ് രാഹുൽ ഗാന്ധി, രാജീവ് സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിൽ പ്രമുഖർ രാജീവ് ഗാന്ധിക്ക് ആദരം അർപ്പിച്ചു.