ഹരിയാന നിയമസഭ പിരിച്ചുവിടണമെന്ന് ഗവർണറോട് കോൺഗ്രസ്
Friday, June 21, 2024 4:08 AM IST
ചണ്ഡിഗഡ്: ഹരിയാന നിയമസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവർണർ ബന്ദാരു ദത്താത്രേയയെ സന്ദർശിച്ച് കോൺഗ്രസ് നേതാക്കൾ. നായബ് സിംഗ് സൈനി സർക്കാർ ന്യൂനപക്ഷമായെന്നു കോൺഗ്രസ് ഗവർണറെ അറിയിച്ചു. പ്രതിപക്ഷനേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് സംഘം ഗവർണറെ കണ്ടു നിവേദനം നല്കിയത്.
ഭൂരിപക്ഷം നഷ്ടമായ സൈനി സർക്കാർ കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണെന്ന് ഹൂഡ മാധ്യമപ്രവർത്തകരോടു പറഞ്ഞു. 90 അംഗ നിയമസഭയുടെ ഇപ്പോഴത്തെ അംഗബലം 87 ആണ്.
ബിജെപിക്ക് 41 എംഎൽഎമാരാണുള്ളക്. ഹരിയാന ലോക്ഹിത് പാർട്ടിയുടെ ഏക അംഗവും ഒരു സ്വതന്ത്രനും ബിജെപിയെ പിന്തുണയ്ക്കുന്നു.
സർക്കാർ പക്ഷത്തുള്ളത് 43 പേരാണ്. 87 അംഗസഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 44 പേരുടെ പിന്തുണയാണ്-ഹൂഡ പറഞ്ഞു.
കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിൽ ചേർന്ന കിരൺ ചൗധരി നിയമസഭാംഗത്വം രാജിവച്ചിട്ടില്ലാത്തതിൽ നിയമസഭയിൽ 87 അംഗങ്ങളുണ്ടെന്ന് ഹൂഡ ചൂണ്ടിക്കാട്ടി.