ഏകാധിപത്യം എല്ലാ അതിർവരന്പുകളും ലംഘിക്കുന്നു: സുനിത കേജരിവാൾ
Saturday, June 22, 2024 3:34 AM IST
ന്യൂഡൽഹി: രാജ്യത്ത് ഏകാധിപത്യം എല്ലാ അതിർവരന്പുകളും ലംഘിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിത കേജരിവാൾ.
കേജരിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നായിരുന്നു സുനിതയുടെ പ്രതികരണം.
വിചാരണക്കോടതിയുടെ ഉത്തരവ് അപ്ലോഡ് ചെയ്യുന്നതിന് മുന്പുതന്നെ ജാമ്യത്തെ എതിർത്ത് ഇഡി വിചാരണക്കോടതിയെ സമീപിച്ചത് എങ്ങനെയാണെന്നും സുനിത ചോദിച്ചു. രാജ്യത്തെ മോസ്റ്റ് വാണ്ടഡ് തീവ്രവാദി എന്നപോലെയാണ് തന്റെ ഭർത്താവിനോട് ഇഡി പെരുമാറുന്നതെന്നും സുനിത പ്രതികരിച്ചു.
ഹരിയാനയിൽനിന്ന് കൂടുതൽ വെള്ളം ആവശ്യപ്പെട്ടു ഡൽഹി ജലവിഭവ മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച സൗത്ത് ഡൽഹിയിലെ ഭോഗാലിൽ പ്രസംഗിക്കുകയായിരുന്നു സുനിത.
പ്രധാനമന്ത്രി നരേന്ദ്ര മോദി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.