കാഷ്മീർ: ഇന്ത്യയെ നിരന്തരം ആക്രമിക്കണമെന്നു സവാഹിരി
Thursday, July 11, 2019 12:20 AM IST
വാഷിംഗ്ടൺ ഡിസി: കാഷ്മീരിൽ സ്വാധീനം ശക്തമാക്കാനും ആക്രമണങ്ങൾ വർധിപ്പിക്കാനും ആഹ്വാനം ചെയ്ത് അൽക്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി. ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയും നിരന്തരം ആക്രമിക്കണമെന്ന് അനുയായികളോട് സവാഹിരി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
ഇന്ത്യൻ സന്പദ്വ്യവസ്ഥ തകരുന്നതുവരെ ആക്രമണം നടത്താനാണ് ആവശ്യപ്പെടുന്നത്. കനത്ത ആൾനാശവും ഉപകരണനാശവും ഇന്ത്യയ്ക്കു വരുത്തണം. അമേരിക്കയിലെ ലോംഗ് വാർ ജേണൽ എന്ന വാർത്താ വെബ്സൈറ്റാണ് അൽക്വയ്ദയുടെ മാധ്യമവിഭാഗം പുറത്തുവിട്ട വീഡിയോയെ അടിസ്ഥാനമാക്കി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാക്കിസ്ഥാൻ കാഷ്മീരിൽ വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്നു സവാഹിരി കുറ്റപ്പെടുത്തുന്നു. പാക്കിസ്ഥാനിലെ സർക്കാരും സൈന്യവും അമേരിക്കയുടെ ചൊല്പടിക്കുനിൽക്കുന്നവരാണ്. അറബ് മുജാഹിദ്ദീനുകളെ കാഷ്മീരിൽ പ്രവേശിക്കുന്നതിൽനിന്നു തടഞ്ഞത് പാക്കിസ്ഥാനാണെന്നും ചൂണ്ടിക്കാട്ടുന്നു.
കാഷ്മീരിൽ അൽക്വയ്ദ സ്വാധീനം വർധിപ്പിക്കുന്നതായി റിപ്പോർട്ട് തയാറാക്കിയ തോമസ് ജോസ്ലിൻ ചൂണ്ടിക്കാട്ടുന്നു. കാഷ്മീരിൽ പ്രവർത്തിക്കുന്ന അൻസാർ ഗസ്വത് ഉൽ ഹിന്ദ്(എജിഎച്ച്) എന്ന ഭീകര സംഘടന അൽക്വയ്ദയുടെ ശാഖയാണ്.