കോവിഡ് ഈയാഴ്ച രണ്ടു കോടിയിലെത്തും
Tuesday, August 11, 2020 12:47 AM IST
ലണ്ടൻ: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം ഈയാഴ്ച രണ്ടുകോടി കടക്കുമെന്നു ലോകാരോഗ്യസംഘടന. മരണസംഖ്യ 75,0000 പിന്നിടുമെന്നാണു വിലയിരുത്തലെന്ന് ഡയറക്ടർ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
രോഗത്തെ പ്രതിരോധിക്കാൻ പുതിയ നിർദേശങ്ങളൊന്നും തിങ്കളാഴ്ചത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം മുന്നോട്ടുവച്ചില്ല. എന്നാൽ രാഷ്ട്രനേതാക്കൾ അനുയോജ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. അതിനോടു ജനങ്ങൾ സഹകരിക്കുകയും വേണം. നൂറുദിവസത്തിനിടെ ഒറ്റ കോവിഡ് രോഗികളില്ലാത്ത അവസ്ഥയിലെത്തിയ ന്യൂസിലൻഡിനെ ഉദാഹരണമായി ഗബ്രിയേസസ് എടുത്തുപറയുകയും ചെയ്തു. പ്രത്യേക മേഖലകളിൽ മാത്രം ലോക്ക്ഡൗണുകൾ ഏർപ്പെടുത്തുകയും മാസ്ക് ഉൾപ്പെടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്ത ബ്രിട്ടന്റെയും ഫ്രാൻസിന്റെയും രീതിയും പിന്തുടരാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലെത്താൻ 184 ദിവസം എടുത്തെങ്കിൽ രണ്ടുകോടിയിലേക്കു കടന്നത് വെറും 43 ദിവസംകൊണ്ടാണ്.