ചൈനീസ് യുദ്ധവിമാനങ്ങൾ പ്രകോപനം നിർത്തണമെന്നു തായ്വാൻ
Friday, September 25, 2020 12:52 AM IST
തായ്പെയ്: ചൈനീസ് യുദ്ധവിമാനങ്ങൾ തങ്ങളുടെ ആകാശത്തു കടന്നുകയറുന്നത് അവസാനിപ്പിക്കണമെന്നു തായ്വാൻ ആവശ്യപ്പെട്ടു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രണ്ടു ചൈനീസ് ചാരവിമാനങ്ങൾ തങ്ങളുടെ ആകാശത്തു പ്രത്യക്ഷപ്പെട്ടതായി തായ്വാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ചൈനീസ് വിമാനങ്ങൾക്കു മുന്നറിയിപ്പു നല്കാൻ തായ്വാന്റെ വിമാനങ്ങൾ ആകാശത്തു പട്രോളിംഗ് നടത്തി. ഉന്നത യുഎസ് ഉദ്യോഗസ്ഥർ തായ്വാനിൽ സന്ദർശനം നടത്താൻ തുടങ്ങിയതിനു ശേഷമാണ് ചൈന പ്രകോപനം തുടങ്ങിയത്. തായ്വാനെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായിട്ടാണ് ബെയ്ജിംഗ് പരിഗണിക്കുന്നത്.
തായ്വാനുമായി മറ്റു രാജ്യങ്ങൾ അടുക്കുന്നത് ചൈനയ്ക്കിഷ്ടമല്ല. ചൈനയുമായി അഭിപ്രായഭിന്നതകൾ രൂക്ഷമായ യുഎസിലെ നേതൃത്വം തായ്വാനോടുള്ള അടുപ്പം പരസ്യമായി പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ബോംബറുകളും പോർവിമാനങ്ങളും അടക്കം 37 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാന്റെ ആകാശത്തു കടന്നുകയറിയിരുന്നു.