ബൈഡനെ വിജയിയായി പ്രഖ്യാപിച്ചാൽ വൈറ്റ് ഹൗസ് വിടുമെന്നു ട്രംപ്
Friday, November 27, 2020 11:33 PM IST
വാഷിംഗ്ടൺ: നവംബർ മൂന്നിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചാൽ വൈറ്റ് ഹൗസ് വിടുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡനെ വിജയായി പ്രഖ്യാപിച്ചാൽ അത് ഇലക്ടറൽ കോളജിനു സംഭവിക്കുന്ന പിഴവായിരിക്കുമെന്നും താങ്ക്സ്ഗിവിംഗ് ഡേയിൽ മാധ്യമപ്രവർത്തകരോടു ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസ് വിട്ടാലും തെരഞ്ഞെടുപ്പ് ഫലത്തിൽ നിയമപോരാട്ടം തുടരുമെന്നു വ്യക്തമാക്കുന്ന സൂചനകളും ട്രംപ് നൽകി. ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികൾ യുഎസ് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ വിഭാഗം ആരംഭിച്ചിട്ടുണ്ട്.
വോട്ടിംഗിൽ വൻ തോതിൽ ക്രമക്കേട് നടന്നിട്ടുണ്ട്. മൂന്നാംലോകരാജ്യത്തേതു പോലെയാണ് യുഎസിലെ വോട്ടിംഗ് സംവിധാനമെന്നും ട്രംപ് ആഞ്ഞടിച്ചു.ഡിസംബർ 14 ആണ് ഇലക്ടറൽ കോളജ് വോട്ടെടുപ്പ് നടക്കുക.