തായ്വാനു കോവിഡ് വാക്സിൻ എത്തിച്ചു നൽകി ജപ്പാൻ
Saturday, June 5, 2021 1:25 AM IST
തായ്പേയ്: തായ്വാനു കോവിഡ് വാക്സിൻ എത്തിച്ചു നൽകി ജപ്പാൻ. 1.24 ദശലക്ഷം അസ്ട്രാസെനക കൊറോണ വൈറസ് വാക്സിൻ ഡോസുകളാണ് ജപ്പാൻ എയർലൈൻസ് വിമാനത്തിൽ എത്തിച്ചുനൽകിയത്.
വാക്സിൻ വാങ്ങാനുള്ള നീക്കങ്ങൾക്കു ചൈന തുരങ്കംവയ്ക്കുന്നതായി സ്വയംഭരണ ദ്വീപായ തായ്വാൻ ആരോപിച്ചതിനു പിന്നാലെയാണു ജപ്പാന്റെ സഹായമെത്തിയത്. തായ്വാനുമായുള്ള സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണു വാക്സിൻ കൈമാറ്റമെന്നു ജാപ്പനീസ് വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊട്ടേജി പറഞ്ഞു. തായ്വാൻ പ്രസിഡന്റ് സയ് ഇങ് വെനും സമാന പ്രതികരണമാണ് നടത്തിയത്.