ജി-7 വിദേശമന്ത്രിമാരുടെ യോഗം തുടങ്ങി
Friday, May 13, 2022 1:23 AM IST
ബെർലിൻ: യുക്രെയ്ൻ യുദ്ധത്തിന്റെ ആഗോള പ്രതിഫലനങ്ങൾ വിലയിരുത്താനായി സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ജർമനിയിൽ ആരംഭിച്ചു. ഊർജം, ഭക്ഷ്യസുരക്ഷ, ചൈനയുമായുള്ള ബന്ധം, കാലാവസ്ഥാ വ്യതിയാനം മുതലായ വിഷയങ്ങളും ചർച്ചയാകും.
ഹാംബർഗിനടുത്ത് വെയ്സൻഹോസിലാണ് മൂന്നു ദിവസത്തെ സമ്മേളനം. യുക്രെയ്ൻ, മോൾഡോവ വിദേശകാര്യമന്ത്രിമാർ പ്രത്യേക അതിഥികളായി പങ്കെടുക്കും. സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി അന്നലേന ബായർബോക്ക് അടുത്തിടെ യുക്രെയ്ൻ തലസ്ഥാനമായ കീവ് സന്ദർശിച്ചിരുന്നു.