ഫിൻലൻഡിനു പിന്നാലെ സ്വീഡനും നാറ്റോയിലേക്ക്
Tuesday, May 17, 2022 1:45 AM IST
സ്റ്റോക്ക്ഹോം: ഫിൻലൻഡിനു പിന്നാലെ സ്വീഡനും നാറ്റോ സഖ്യത്തിൽ ചേരുമെന്നു പ്രഖ്യാപിച്ചു. 200 വർഷത്തെ സൈനിക നിഷ്പക്ഷ നിലപാട് ഉപേക്ഷിച്ചാണു നോർഡിക് രാജ്യമായ സ്വീഡനും നാറ്റോ സഖ്യത്തിൽ ചേരാൻ താത്പര്യം അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷാ നയത്തിൽ ചരിത്രപരമായ മാറ്റമായിരിക്കും നാറ്റോ സഖ്യപ്രവേശനമെന്നു സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സൺ ജനപ്രതിനിധികളെ അഭിസംബോധന ചെയ്തു പറഞ്ഞു.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ അയൽരാജ്യമായ ഫിൻലൻഡ് നാറ്റോയിൽ ചേരാൻ കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചു. തലസ്ഥാനമായ ഹെൽസിങ്കിയിൽ ഞായറാഴ്ച ചേർന്ന സംയുക്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് സൗലി സിനിസ്റ്റോയും പ്രധാനമന്ത്രി സന്ന മാരിനുംചേർന്നു തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.