വളർത്തുനായയുടെ ആക്രമണത്തിൽ യുവതിയുടെ കൈ അറ്റു
Saturday, October 12, 2024 1:49 AM IST
കാൻബറ: ഓസ്ട്രേലിയയിൽ വളർത്തുനായയുടെ ആക്രമണത്തിൽ യുവതിയുടെ കൈ അറ്റുപോയി. ക്യൂൻസ്ലാൻഡിലെ ടൗൺസ്വിൽ നഗരത്തിൽ നായയുടെ ഉടമയായ മുപ്പത്തിനാലുകാരിയാണ് ആക്രമണം നേരിട്ടത്. പോലീസെത്തി ആശുപത്രിയിലാക്കിയ യുവതി ഗുരുതരാവസ്ഥയിലാണ്.
പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചതെന്ന് കരുതുന്നു. സഹായം അഭ്യർഥിച്ചുള്ള ഫോൺകോളിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയാണ് കണ്ടെത്തിയത്. വലത്തേ കയ്യുടെ മുട്ടിനു താഴെ അറ്റുപോയിരുന്നു.
ആനിമൽ കൺട്രോൾ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം നായയെ വെടിവച്ചുകൊന്നു. ഈ നായ അയൽക്കാരെ മുന്പ് ആക്രമിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.