ആഗോള വിശപ്പ് സൂചിക: ഇന്ത്യ ഗുരുതര ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ
Monday, October 14, 2024 3:26 AM IST
ലണ്ടൻ: ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ 105-ാം സ്ഥാനത്ത്. 127 രാജ്യങ്ങൾ ചേരുന്നതാണ് സൂചിക. ശ്രീലങ്ക 56-ാമതും നേപ്പാൾ 68-ാമതും മ്യാൻമർ 74-ാമതും ബംഗ്ലാദേശ് 84-ാമതും സ്ഥാനങ്ങളിലാണ്. ഐറിഷ് എൻജിഒ കണ്‍സേണ്‍ വേൾഡ് വൈഡും ജർമൻ എൻജിഒ ആയ വെൽറ്റ് ഹുംഗർഹിൽഫും ചേർന്നാണു സൂചിക തയാറാക്കുന്നത്. ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമുള്ള 42 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും ഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിനു ശേഷം ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചെങ്കിലും (2.9%) പോഷാകാഹാരക്കുറവ് വ്യാപകമാണ് (13.7%). ഇതൊടൊപ്പം ഉയരത്തിനനുസരിച്ചുള്ള ഭാരമില്ലാത്ത കുട്ടികളും (18.7%) പ്രായത്തിനൊത്ത ഉയരം വയ്ക്കാത്ത കുട്ടികളും (35.5%) ധാരാളം. 2000നും 2008നും ഇടയിൽ വിശപ്പ് കുറച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യ നല്ല പുരോഗതിയാണു കൈവരിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഏറ്റവും അപകടകരമായ അവസ്ഥയിൽ കാണപ്പെടുന്നത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ഇതിനുപുറമേ ഗാസയിലെയും സുഡാനിലെയും യുദ്ധങ്ങളും പ്രശ്നം വഷളാക്കിയിട്ടുണ്ട്.
നിരന്തര സംഘർഷങ്ങൾ കോംഗോ, ഹെയ്തി, മാലി, സിറിയ എന്നീ രാജ്യങ്ങളെയും ആഹാരത്തിന്റെ ലഭ്യതക്കുറവിലേക്ക് നയിച്ചിട്ടുണ്ട്. 2030 ആകുന്നതോടെ വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കാമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യം നിറവേറാനിടയില്ല എന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.