കിയ മോട്ടോഴ്സിന്റെ ആദ്യ ഷോറൂം നോയിഡയിൽ തുറന്നു
Tuesday, February 19, 2019 12:40 AM IST
നോയിഡ: ഇന്ത്യയിൽ വലിയൊരു കുതിപ്പിനു തയാറെടുക്കുന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് രാജ്യത്തെ ആദ്യ ഷോറൂം നോയിഡയിൽ തുറന്നു. റെഡ് ക്യൂബ് കൺസപ്റ്റിൽ ഡിസൈൻ ചെയ്തിരിക്കുന്ന നോയിഡയിലെ ഷോറൂം കിയ മോട്ടോഴ്സ് ഇന്ത്യ എംഡിയും സിഇഒയുമായ കൂകിയും ഷിം ഉദ്ഘാടനം ചെയ്തു. ആദ്യ വാഹനം അവതരിപ്പിക്കും മുന്പ് രാജ്യവ്യാപകമായി 35 ഡീലർഷിപ്പുകൾ തുറക്കാനാണ് കിയ മോട്ടോഴ്സിന്റെ പദ്ധതി.
അടുത്തിടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഡിസൈൻ ടൂറുകൾ കിയ മോട്ടോഴ്സ് അവതരിപ്പിച്ചിരുന്നു. കേരളത്തിൽ അലിസൺ ഗ്രൂപ്പുമായി സഹകരിച്ചാണ് കിയ ഷോറൂമുകൾ തുറക്കുക.
2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എസ്പി2 കൺസപ്റ്റ് മോഡലാണ് കിയ മോട്ടോഴ്സിന്റെ ആദ്യ വാഹനമായി പുറത്തിറങ്ങുക. കഴിഞ്ഞ മാസം ആന്ധ്രപ്രദേശിലെ അനന്തപുർ പ്ലാന്റിൽ ട്രയൽ ഉത്പാദനം തുടങ്ങിയ എസ്പി2 ഈ വർഷം രണ്ടാം പകുതിയിൽ വിപണിയിലെത്തും.