പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
Thursday, July 2, 2020 11:59 PM IST
മുംബൈ: ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു. ആനിമേറ്റഡ് സ്റ്റിക്കേഴ്സ്, വാട്സ്ആപ് വെബിനുള്ള ഡാർക്ക് മോഡ്, ക്യു ആർ കോഡിലൂടെ കോണ്ടാക്ട് ആഡ് ചെയ്യുന്നതിനുള്ള സംവിധാനം, ഗ്രൂപ്പ് വീഡിയോകോളിലെ പരിഷ്കാരങ്ങൾ എന്നിവയാണു പുത്തൻ ഫീച്ചറുകൾ. ചാറ്റിംഗ് കൂടുതൽ കൗതുകകരമാക്കാൻ സഹായിക്കുന്നവയാണ് ആനിമേറ്റഡ് സ്റ്റിക്കറുകൾ. മറ്റു പല ആപ്പുകളും നേരത്തെതന്നെ ആനിമേറ്റഡ് സ്റ്റിക്കറുകൾ അനുവദിച്ചിരുന്നു.
ഫോണ്സ്ക്രീനിൽനിന്നു വരുന്ന തീവ്ര പ്രകാശംമൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി കൊണ്ടുവന്ന ഡാർക്ക്മോഡ് സംവിധാനം നേരത്തെതന്നെ വാട്സ്ആപ്പിന്റെ സ്മാർട്ഫോണ്‍ വേർഷനുകളിൽ ലഭ്യമാണ്. പുതിയ അപ്ഡേഷനിലൂടെ ഇത് വാട്സ്ആപ്പ് വെബ് വേർഷനുകളിലും ലഭ്യമാക്കിയിരിക്കുകയാണു കന്പനി. ക്യു ആർ കോഡ് സ്കാനിംഗിലൂടെ പുതിയ ആളെ കോണ്ടാക്ട് ലിസ്റ്റിലേക്ക് ഉൾപ്പെടുത്താൻ അനുവദിക്കുന്നത് ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ചാണെന്നു കന്പനി അറിയിച്ചു. ഗ്രൂപ്പ് വീഡിയോ ചാറ്റിംഗ് വേളയിൽ ഒരാളെ മാത്രമായി ഫുൾ സ്ക്രീനിൽ കാണുന്നതിനുള്ള സംവിധാനമാണു വീഡിയോ കോളിംഗ് രംഗത്തു വരുന്ന പ്രധാനമാറ്റം. പുതിയ ഫീച്ചറുകൾ വരുന്ന ആഴ്ചകളിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്കു ലഭ്യമാകുമെന്നു വാട്സ്ആപ്പ് അറിയിച്ചു.