പഞ്ചഗവ്യഘൃതം മരുന്നിനെതിരേ വ്യാജപ്രചാരണമെന്ന് ഔഷധി
Sunday, June 13, 2021 12:55 AM IST
കൊച്ചി: ഔഷധി നിര്‍മിച്ചു വിതരണം ചെയ്യുന്ന "പഞ്ചഗവ്യഘൃതം’ എന്ന മരുന്നുമായി ബന്ധപ്പെടുത്തി നടക്കുന്ന വ്യാജപ്രചാരണം നിഗൂഢ താല്പര്യത്തോടെയാണെന്ന് ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി. ഉത്തമന് പത്രക്കുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പുതുതായി വിപണിയില്‍ ഇറക്കിയ മരുന്ന് എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍ ഔഷധി എന്ന സ്ഥാപനം തുടങ്ങിയ കാലം മുതല്‍ ഈ മരുന്നു നിര്‍മിച്ചു വരുന്നുണ്ട്.
സര്‍ക്കാര്‍ ഡിസ്പെന്‍സറികളിലും ഔഷധിയിലെ ഔട്ടലെറ്റ് വഴിയും കാലാകാലമായി ഈ മരുന്ന് വിതരണം ചെയ്യുന്നുമുണ്ട്. "അഷ്ടാംഗഹൃദയം' എന്ന അംഗീകൃത ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രകാരമാണ് ഈ ക്ലാസിക്കല്‍ മരുന്ന് തയാറാക്കുന്നത്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഉള്‍പ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ ആയുര്‍വേദ നിര്‍മാതാക്കളെല്ലാം ഈ മരുന്ന് നിര്‍മിച്ച് വില്പന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.