ഗ്ലോബല്‍ എക്സ്പോ ഇന്നുമുതല്‍
Saturday, February 4, 2023 4:44 AM IST
കൊച്ചി: കേരളത്തെ സമ്പൂര്‍ണ മാലിന്യ വിമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഗ്ലോബല്‍ എക്സ്പോയ്ക്ക് ഇന്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ തുടക്കമാകും. രാവിലെ പത്തിനു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി. രാജീവ്, ജര്‍മന്‍ കോണ്‍സുലേറ്റ് ജനറല്‍ ആചിം ബര്‍ക്കാര്‍ട്ട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിത വിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും ബദല്‍ ഉത്പന്നങ്ങളും അവതരിപ്പിക്കപ്പെടുന്ന 100ലേറെ സ്റ്റാളുകള്‍ എക്സ്പോയില്‍ ഉണ്ടാകും. ഈ രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ മികച്ച മാതൃകകള്‍ പ്രദര്‍ശിപ്പിക്കും.