ഇന്‍ഡോര്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജയം തുടര്‍ന്ന് ഇന്ത്യ. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സിന്റെയും 130 റണ്‍സിന്റെയും വന്‍ ജയം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഇന്നിംഗ്സ് ജയം കുറിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവസാന രണ്ടു ടെസ്റ്റിലും ഇന്നിംഗ്സ് ജയമായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ടെസ്റ്റ് ജയമാണ്. ജയത്തോടെ ഇന്ത്യ 300 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 പോയിന്റാണുള്ളത്. പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 22 മുതല്‍ കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടക്കും. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ–നൈറ്റ് ടെസ്റ്റ് കൂടിയാണിത്.
തലേന്നത്തെ സ്കോറായ ആറിന് 493 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, ബംഗ്ലാദേശിനു സമ്മാനിച്ചത് 343 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഈ ലീഡ് കണ്ട് പകച്ച ബംഗ്ലാ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ 69.2 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടു ദിവസത്തിലധികം കളി ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ആധികാരിക ജയം.
ഇടയ്ക്കിടെ ക്യാച്ചുകള്‍ വിട്ട ഇന്ത്യന്‍ ഫീല്‍ഡര്‍മാരാണ് ബംഗ്ലാദേശിനെ രണ്ടാം ഇന്നിംഗ്സില്‍ ഇത്രയെങ്കിലും സ്കോറിലെത്താന്‍ സഹായിച്ചത്. വ്യക്തിഗത സ്കോര്‍ നാലില്‍ നില്‍ക്കെ മുഹമ്മദ് ഷമിയുടെ പന്തില്‍ രോഹിത് ശര്‍മ സമ്മാനിച്ച ‘ജീവന്’ മുതലെടുത്ത് മുഷ്ഫിഖുര്‍ റഹിമിന്റെ പോരാട്ടമാണ് ഇന്ത്യന്‍ വിജയം ഇത്രയെങ്കിലും വൈകിച്ചത്. റഹിം 150 പന്തില്‍ ഏഴു ഫോര്‍ സഹിതം 64 റണ്‍സെടുത്ത് ഒന്‍പതാമനായി പുറത്തായി. ലിട്ടന്‍ ദാസ് 39 പന്തില്‍ 35 റണ്‍സും മെഹദി ഹസന് 55 പന്തില്‍ 38 റണ്‍സുമെടുത്തു. മുഹമ്മദ് ഷമി നാലും അശ്വിന് മൂന്നും ഉമേഷ് യാദവ് രണ്ടും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും് വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 150
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 493/6
ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ്
ഷദ്മാന്‍ ഇസ് ലാം ബി ഇഷാന്ത് 6, ഇമ്രുള്‍ കയ്സ് ബി യാദവ് 6, മോമിനുള്‍ ഹഖ് എല്‍ബിഡബ്ല്യു ബി ഷാമി 7, മുഹമ്മദ് മിഥുന് സി അഗര്‍വാള്‍ ബി ഷാമി 18, മുഷ്ഫിഖര്‍ റഹിം സി പുജാര ബി അശ്വിന് 64, മുഹമ്മദുള്ള സി രോഹിത് ശര്‍മ ബി ഷാമി 15, ലിട്ടന്‍ ദാസ് സി ആന്‍ഡ് ബി അശ്വിന് 35, മെഹ്ദി ഹസന് ബി യാദവ് 38, തയ്ജുള്‍ ഇസ് ലാം സി സാഹ ബി ഷാമി 6, അബു ജയേദ് നോട്ടൗട്ട് 4, എബാദത് ഹുസൈന് സി യാദവ് ബി അശ്വിന് 1, എക്സ്ട്രാസ് 13, ആകെ 69.2 ഓവറില്‍ 213 റണ്‍സ്.
ബൗളിംഗ്
ഇഷാന്ത് ശര്‍മ 11-3-31-1, ഉമേഷ് യാദവ് 14-1-51-2, ഷാമി 16-7-31-4, ജഡേജ 14-2-47-0, അശ്വിന് 14.2-6-42-3
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.