ബ്രാഡ്മാൻ ‘കളറിൽ’
Friday, February 21, 2020 11:24 PM IST
മെൽബണ്‍: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാൻ ബാറ്റ് ചെയ്യുന്നതിന്റെ കളർ ദൃശ്യം നാഷണൽ ഫിലിം ആൻഡ് സൗണ്ട് ആർക്കേവ് ഓഫ് ഓസ്ട്രേലിയ (എൻഎഫ്എസ്എ) പുറത്തുവിട്ടു.
1949 ഫെബ്രുവരി 26ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ എഎഫ് കിപ്പാക്സും ഡബ്ല്യുഎ ഓൾഡ്ഫീൽഡും തമ്മിൽ നടന്ന പ്രദർശന മത്സരത്തിൽ ബ്രാഡ്മാൻ ബാറ്റ് ചെയ്യുന്നതിന്റെ 16 എംഎം ദൃശ്യമാണ് എൻഎഫ്എസ്എ തങ്ങളുടെ വെബ് സൈറ്റിലൂടെ പുറത്തുവിട്ടത്. ബ്രാഡ്മാൻ ബാറ്റുചെയ്യുന്നതിന്റെ ഒരേയൊരു കളർ ദൃശ്യമാണിത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇൻഫോർമേഷൻ ഡിപ്പാർട്ട്മെന്റിൽ കാമറാമാനായിരുന്ന ജോർജ് ഹോബ്സ് പകർത്തിയതാണ് ഈ ദൃശ്യമെന്ന് എൻഎഫ്എസ്എ വ്യക്തമാക്കി. സിഡ്നിയിൽ ബ്രാഡ്മാന്റെ അവസാന മത്സരമായിരുന്നു അത്. 1948ലെ ഇംഗ്ലണ്ട് പരന്പരയോടെ ബ്രാഡ്മാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 99.94 എന്ന ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി ഇന്നും അദ്ഭുതമായി തുടരുന്നു.