പതിറ്റാണ്ടിനുശേഷം കെഡിസ് ലാ ലിഗയ്ക്ക്
Tuesday, July 14, 2020 11:39 PM IST
കെഡിസ്: പതിനഞ്ച് വർഷത്തിനുശേഷം സ്പാനിഷ് ലാ ലിഗ ഫുട്ബോളിനു യോഗ്യത സ്വന്തമാക്കി കെഡിസ് സിഎഫ് ക്ലബ്. സ്പെയിനിലെ രണ്ടാം ഡിവിഷനിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള കെഡിസ് രണ്ട് മത്സരം ശേഷിക്കെ ലാ ലിഗയിലേക്ക് സ്ഥാനക്കയറ്റം ഉറപ്പിച്ചു. 2005ലാണ് കെഡിസ് അവസാനമായി ലാ ലിഗയിൽ മുഖം കാണിച്ചത്. ആ സീസണിനൊടുവിൽ വീണ്ടും രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
ക്ലബ് ലാ ലിഗയിൽ തിരിച്ചെത്തിയത് ആരാധകർ ആഘോഷമാക്കി. കോവിഡ്-19 നിബന്ധനകൾ ലംഘിച്ച് ആയിരക്കണക്കിന് കെഡിസ് ആരാധകർ തെരുവിൽ ഇറങ്ങി. ഇത് ശക്തമായ വിമർശനത്തിനും വഴിതെളിച്ചു. പ്രത്യേക അധികാരങ്ങളും നിയമങ്ങളുമുള്ള സ്പെയിനിലെ പ്രവിശ്യകളിൽ ഒന്നാണ് കെഡിസ്.