കണ്ണിലുടക്കിയ കണ്ണട...
Sunday, September 27, 2020 12:17 AM IST
ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസ് 44 റണ്‍സ് ജയം നേടിയ മത്സരത്തിൽ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. പൂജ്യത്തിൽനിൽക്കേ പൃഥ്വി ഷായുടെ ക്യാച്ച് എടുത്തെങ്കിലും എം.എസ്. ധോണിക്ക് അത് മനസിലാകാതിരുന്നത്, അർധസെഞ്ചുറി കടന്ന ഷായെ പിന്നീട് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്, ഡൽഹി ക്യാപ്പിറ്റൽസ് ബൗളർമാരുടെ കണിശമായ ബൗളിംഗ്... എന്നാൽ, രസകരമായ മറ്റൊന്നുകൂടി ഉണ്ടായിരുന്നു, ക്യാപ്പിറ്റൽസ് താരം ശിഖർ ധവാൻ ഫീൽഡിംഗിനിടെ ധരിച്ച കണ്ണട.
രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറിന്റെ കഴുത്തിലെ സ്വർണ മാലയുടെ അത്ര വിലപിടിപ്പുള്ളതല്ല ധവാന്റെ കണ്ണട. എന്നാലും സൂപ്പർ കിംഗ്സ് x ക്യാപ്പിറ്റൽസ് മത്സരത്തിൽ ഇംഗ്ലീഷ് മുൻ താരമായ കെവിൻ പീറ്റേഴ്സണിന്റെ കണ്ണിൽപ്പെട്ടത് ധവാന്റെ കണ്ണടയായിരുന്നു. ആർച്ചർ അംബാസഡർ ആയ പ്രാഗ്നെൽ ജ്വല്ലറി ഗ്രൂപ്പ് 2019 മുതൽ സ്പോണ്സർ ചെയ്യുന്നതാണ് അദ്ദേഹന്റെ വന്പൻ മാല. ആഷസിലെ ഓരോ വിക്കറ്റിനും ആർച്ചറിന് ഓരോ രത്നം വീതവും ജ്വല്ലറി ഗ്രൂപ്പ് നൽകിവരുന്നുണ്ട്.
മത്സരത്തിന്റെ കമന്റേറ്ററായിരുന്നു പീറ്റേഴ്സണ്. ആ കണ്ണട എനിക്കു വേണമെന്നായിരുന്നു ധവാന്റെ ഗ്ലാസ് ഇഷ്ടപ്പെട്ട കെപിയുടെ കമന്റ്. ഉൗബർ കൂൾ നൈറ്റ് ഗ്ലാസ് ആയിരുന്നു ധവാൻ അണിഞ്ഞിരുന്നത്.