ബോസ് ഡാ ; ആർസിബിക്കെതിരേ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം
Friday, October 16, 2020 12:46 AM IST
ഷാർജ: ആരാധകരുടെ കാത്തിരിപ്പിനു വിരാമം കുറിച്ച് യൂണിവേഴ്സൽ ബോസ് ആയ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ വെടിക്കെട്ട് വിരുന്ന്. ഈ സീസണിൽ ആദ്യമായി കളത്തിലെത്തിയ ഗെയ്ൽ 45 പന്തിൽ അഞ്ച് സിക്സും ഒരു ഫോറും അടക്കം 53 റൺസ് എടുത്ത മത്സരത്തിൽ കിംഗ്സ് ഇലവണ്‍ പഞ്ചാബ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ എട്ട് വിക്കറ്റിനു കീഴടക്കി.
ആർസിബി ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റണ്‍സ് നേടി. 20-ാം ഓവറിന്റെ അഞ്ചാം പന്തിൽ ഗെയ്ൽ റണ്ണൗട്ടായതുൾപ്പെടെയുള്ള നാടകീയതയ്ക്കുശേഷം അവസാന പന്തിൽ നിക്കോളാസ് പുരാന്റെ സിക്സിലൂടെ പഞ്ചാബ് 177ൽ എത്തി ജയിച്ചു. 49 പന്തിൽ അഞ്ച് സിക്സും ഒരു ഫോറുമടക്കം 61 റൺസോടെ രാഹുൽ പുറത്താകാതെനിന്നു. തുടർച്ചയായ അഞ്ച് തോൽവിക്കുശേഷമാണ് പഞ്ചാബിന്റെ ജയം.
കോഹ്ലിയാണ് (39 പന്തിൽ 48 റണ്‍സ്) ആർസിബി ഇന്നിംഗ്സിലെ ടോപ് സ്കോറർ. ആരോണ്‍ ഫിഞ്ച് (20), ദേവ്ദത്ത് പടിക്കൽ (18), ശിവം ദുബെ (23) എന്നിവർക്ക് ലഭിച്ച തുടക്കം മുതലാക്കാനായില്ല. ഉദാനയും (അഞ്ച് പന്തിൽ 10 നോട്ടൗട്ട്) ക്രിസ് മോറിസും (എട്ട് പന്തിൽ 25 നോട്ടൗട്ട്) 13 പന്തിൽ 35 റണ്‍സ് അടിച്ചെടുത്തതാണ് റോയൽ ചലഞ്ചേഴ്സിന്റെ സ്കോർ 171ൽ എത്തിച്ചത്.
പഞ്ചാബിനായി ഓപ്പണർമാരായ കെ.എൽ. രാഹുലും മായങ്ക് അഗർവാളും ചേർന്ന് എട്ട് ഓവറിൽ 78 റണ്‍സ് അടിച്ചുകൂട്ടി. മായങ്കിനെ (25 പന്തിൽ 45) ചാഹൽ ബൗൾഡാക്കിയതോടെ മൂന്നാം നന്പറായി ക്രിസ് ഗെയ്ൽ ക്രീസിലെത്തി. ഐപിഎലിൽ 4,500 റൺസ് എന്ന നാഴികക്കല്ലും ഗെയ്ൽ ഇന്നലെ പിന്നിട്ടു.