3 ബിഗ് ബാഷിൽ വിപ്ലവ നിയമങ്ങൾ
Tuesday, November 17, 2020 11:57 PM IST
സിഡ്നി: ഓസ്ട്രേലിയൻ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗ് പുതിയ പരീക്ഷണം. ഡിസംബർ 10ന് ആരംഭിക്കുന്ന 2020 സീസണിൽ മൂന്ന് പുതിയ നിയമങ്ങൾ ടൂർണമെന്റ് അധികൃതർ ഏർപ്പെടുത്തി.
എക്സ് ഫാക്ടർ: ടീമുകൾക്കു മത്സരങ്ങളിൽ ഒരു എക്സ് ഫാക്ടർ താരത്തെ ഉപയോഗിക്കാം എന്നതാണു സുപ്രധാന നിയമം. മത്സരത്തിന്റെ പത്താം ഓവറിനുശേഷം ബാറ്റിംഗ് ടീമിനു തങ്ങളുടെ ടീമിലെ ഒരു ബാറ്റ്സ്മാനെ മാറ്റിയെടുക്കാം. ഫീൽഡിംഗ് ടീമിനാകട്ടെ ഒരോവറിൽ കൂടുതൽ എറിഞ്ഞിട്ടില്ലാത്ത ഒരു ബോളറെ മാറ്റി പകരം മറ്റൊരു താരത്തെ കളിക്കാനിറക്കാം. ടീമിലെ പന്ത്രണ്ടാമനെയോ പതിമൂന്നാമനെയോ ആണ് ഇങ്ങനെ കളത്തിലിറക്കാവുന്നത്.
പവർ സർജ്: പവർപ്ലേയുടെ കാര്യത്തിലാണു രണ്ടാമത്തെ മാറ്റം. പവർ സർജ് എന്നാണു വിളിപ്പേരിട്ടിരിക്കുന്നത്. ഇന്നിംഗ്സിന്റെ ആദ്യ ആറ് ഓവറുകളിലും പവർപ്ലേ ഉണ്ടാകില്ല. മറിച്ച് രണ്ട് ഘട്ടമായാകും പവർപ്ലേ. ഇന്നിംഗ്സുകളുടെ ആദ്യ നാലോവറുകളിൽ നിർബന്ധിത പവർപ്ലേ ഉണ്ടാകും. ബാക്കിയുള്ള രണ്ട് ഓവർ പവർപ്ലേ ഇന്നിംഗ്സിന്റെ പത്തോവറിനു ശേഷം ബാറ്റിംഗ് ടീമിന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാം.
ബിഗ് ബാഷ് ബൂസ്റ്റ്: ബോണസ് പോയിന്റ് രീതിയാണിത്. ഒരു മത്സരത്തിൽ രണ്ടു ടീമുകളുടെയും 10 ഓവറുകൾ അവസാനിക്കുന്പോൾ കൂടുതൽ റണ്‍സ് ഏത് ടീമിന്റെ പേരിലാണോ അവർക്ക് ഒരു ബോണസ് പോയിന്റ് ലഭിക്കും.