ഐഎസ്എൽ ആവേശത്തിൽ തലപ്പൊക്കത്തോടെ കാളിദാസനും
Friday, November 20, 2020 11:57 PM IST
തൃശൂർ: ഫുട്ബോൾ പ്രേമികൾ ഐഎസ്എൽ ആവേശത്തിലാഴുമ്പോൾ തലപ്പൊക്കത്തോടെ തൃശൂരിന്റെ പ്രിയങ്കരനായ കൊമ്പൻ കാളിദാസനും താരമാകുന്നു. ചിറയ്ക്കൽ കാളിദാസൻ എന്ന പ്രശസ്തനായ ആനയാണ് ഐഎസ്എൽ പരസ്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമോഷണൽ വീഡിയോയിൽ തലയെടുപ്പോടെ നിറഞ്ഞുനിൽക്കുന്നത്.
നേരത്തെ സൂപ്പർഹിറ്റ് ചിത്രമായ ബാഹുബലിയിലും കാളിദാസൻ അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയിൽ പ്രഭാസ് ചവിട്ടിക്കയറുന്നതു കാളിദാസന്റെ പുറത്തേക്കാണ്.
കോവിഡ് കാലത്തെ ഉത്സവാഘോഷ നിയന്ത്രണങ്ങൾ മൂലം പുറത്തെഴുന്നള്ളിപ്പുകളൊന്നുമില്ലാതെ വിശ്രമത്തിലായിരുന്നു കാളിദാസൻ. ഇതിനിടെയാണ് കേരളത്തിന്റെ ആവേശമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പരസ്യം വരുന്നത്. തുമ്പിക്കൈ ഉയർത്തി തലയെടുപ്പോടെ നിൽക്കുന്ന കാളിദാസന്റെ ചുറ്റുമായി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട ആരവം മുഴക്കുന്ന പരസ്യം ഫുട്ബോൾ പ്രേമികളിലും ആനക്കമ്പക്കാരിലും ഒരുപോലെ ആവേശമുണർത്തുന്നതാണ്.